ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട ലോങ് മാര്‍ച്ച് 4സി റോക്കറ്റും സാറ്റലൈറ്റും തകര്‍ന്നു. പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകമാണ് റോക്കറ്റ് തകര്‍ന്നു വീണത്. ഇതിനു മുമ്പ് മാര്‍ച്ചില്‍ ചൈനീസ് ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വണ്‍സ്പേസിന്റെ വിക്ഷേപണ പരാജയവും ചേര്‍ത്താല്‍ ഇത് രണ്ടാമത്തെ റോക്കറ്റാണ് തകരുന്നത്. ഉത്തര ഷാന്‍സി പ്രവിശ്യയിലെ ടായുവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലായിരുന്നു വിക്ഷേപണം നടന്നത്.
വിക്ഷേപണം നടന്ന് 15 മണിക്കൂറിന് ശേഷം ചൈനീസ് ബഹിരാകാശ ദൗത്യം പരാജയപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലും റോക്കറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും മൂന്നാം ഘട്ടത്തില്‍ തകരുകയായിരുന്നു. റോക്കറ്റിന്റെയും സാറ്റലൈറ്റിന്റെയും അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചു. റോക്കറ്റിന്റെ പതന ദൃശ്യങ്ങളും ചിത്രങ്ങളും ട്വിറ്ററിലൂടെ പ്രചരിച്ചിരുന്നു.
നിരവധി തവണ ചൈനീസ് സാറ്റലൈറ്റുകളേയും വഹിച്ചുകൊണ്ട് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ ചരിത്രമുള്ള റോക്കറ്റാണ് ലോങ് മാര്‍ച്ച് 4സി. 2016 ഓഗസ്റ്റിലായിരുന്നു ഇതിന്റെ ദൗത്യം അവസാനമായി പരാജയപ്പെടുന്നത്. യാവോഗാന്-33 എന്ന സാറ്റലൈറ്റ് ബഹിരാകാശത്ത് എത്തിക്കുകയായിരുന്നു ഇത്തവണത്തെ ലോങ് മാര്‍ച്ച് 4സിയുടെ ദൗത്യം. കാര്‍ഷിക- നിരീക്ഷണ സാറ്റലൈറ്റാണ് ഇതെന്ന് ചൈന അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇത് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.