ഐഫോണ്‍ കമ്പനിയില്‍ ജോലി കിട്ടാന്‍ ആപ്പിളിനെ തന്നെ ഹാക്ക് ചെയ്ത് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി

സിഡ്നി: ഐഫോണ്‍ കമ്പനിയുടെ മതിപ്പ് പിടിച്ചുപറ്റി ജോലി നേടാന്‍ കമ്പനിയുടെ സുരക്ഷാ സംവിധാനത്തെ തന്നെ ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി ഹാക്ക് ചെയ്തു. ഡിസംബര്‍ 2015 ലാണ് കൂട്ടുകാരന്റെ സഹായത്തോടെ ആദ്യമായി ആപ്പില്‍ ഹാക്ക് ചെയ്യുന്നത്. പിന്നീട് 2017ല്‍ വീണ്ടും കമ്പനിയുടെ ആഭ്യന്തര രേഖകളും വിവരങ്ങളും ചോര്‍ത്തി. കമ്പനിയിലെ ജോലിക്കാരന്‍ എന്ന് തോന്നിക്കുന്ന രീതിയില്‍ തന്റെ പ്രഗത്ഭ്യം ഉപയോഗിച്ച് ഡിജിറ്റല്‍ യോഗ്യതാപത്രം ഉണ്ടാക്കിയാണ് ആപ്പിളില്‍ കടന്നുകൂടിയത്.

13 ാം വയസുമുതലാണ് വിദ്യാര്‍ത്ഥിക്ക് ഐഫോണുകളോട് താല്‍പര്യം തോന്നുന്നതും കമ്പനിയില്‍ ജോലി നേടണമെന്നുള്ള ആഗ്രഹം ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹാക്കിങ് ചെയ്താല്‍ ജോലി കിട്ടുമെന്നുള്ള തെറ്റിദ്ധാരണയുടെ പുറത്താണ് വലിയ കുറ്റകൃത്യം ചെയ്തത്. ഹാക്കിങ് വഴി ഐഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു രീതിയിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥിക്കായി കേസ് കോടതിയില്‍ വാദിച്ച അഭിഭാഷകന്‍ പറഞ്ഞത്.