ആപ്പിളിൻ്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തുവെന്ന് വാർത്ത; പിന്നാലെ ഫേസ്ബുക്കിൻ്റെ മറുപടി  

ആപ്പിളിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തു. നിലവില്‍ 13 മില്യണ്‍ ഫോളോവേഴ്‌സുള്ള ആപ്പിളിന്റെ ഫേസ്ബുക്ക് പേജിന് ബ്ലൂ ടിക് ഇല്ല. ചൊവ്വാഴ്ച വരെ ആപ്പിളിന് ബ്ലൂ ടിക് ഉണ്ടായിരുന്നതായാണ് ടെക് വിദഗ്ധന്‍ മാറ്റ് നവേരയുടെ ട്വീറ്റില്‍ പറയുന്നത്. ആപ്പിളിന്റെ പുതിയ സ്വകാര്യത നയങ്ങളിലുള്ള ഫേസ്ബുക്കിന്റെ എതിര്‍പ്പും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാൽ വാർത്തക്ക് മറുപടിയുമായി ഫേസ്ബുക്ക് തന്നെ രംഗത്തുവന്നിരിക്കുകയാണ്. ആപ്പിളിൻ്റെ ഫേസ്ബുക്ക് പേജ് വെരിഫിക്കേഷന് വിധേയമാക്കിയിട്ടില്ലെന്നും ആപ്പിളിൻ്റെ പേജ് കെെകാര്യം ചെയ്യുന്ന അഡ്മിൻ വേരിഫിക്കേഷൻ നടപടികളിലേക്ക് കടക്കേണ്ടതാണെന്നും ഫേസ്ബുക്ക് അറിയിച്ചു.

 

ആപ്പിളിന്റെ എതിരാളികളായ മൈക്രോസോഫ്റ്റ്, സാംസങ്, ഹെവ്‌ലറ്റ് പക്കാര്‍ഡ് തുടങ്ങിയ കമ്പനികളുടെയെല്ലാം ബ്ലൂ ടിക് അതേപടി തുടരുന്നതിനാല്‍ ആപ്പിളിന്റെ ബ്ലൂ ടിക് ഇല്ലാത്തത് സാങ്കേതിക പ്രശ്‌നമാകാന്‍ സാധ്യതയില്ലെന്ന് ഇന്നലെ മുതൽ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. പേജിന്റെ ആധികാരികത ഉറപ്പാക്കാനും ഡ്യൂപ്ലിക്കേറ്റ് പേജുകളില്‍ നിന്നും യഥാര്‍ത്ഥ പേജിനെ തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഫേസ്ബുക്ക് ബ്ലൂ ടിക് വെരിഫിക്കേഷന്‍ നല്‍കുന്നത്.

ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS 14.4ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ ഫീച്ചറുകളിൽ പരസ്യങ്ങള്‍ നല്‍കുന്നതിനായി ആപ്പുകള്‍ക്ക് യൂസര്‍മാരെ ട്രാക്ക് ചെയ്യണമെങ്കില്‍ അവരുടെ അനുവാദം ആവശ്യമാണ്. പേഴ്‌സണലൈസ്ഡ് പരസ്യങ്ങള്‍ നല്‍കുന്നതു വഴിയാണ് ഫേസ്ബുക്ക് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ആപ്പിളിന്റെ പുതിയ ഫീച്ചര്‍ തങ്ങളുടെ വരുമാന സ്രോതസിനെയും ബിസിനസ് രീതികളെയും സാരമായി ബാധിക്കുമെന്നതിനാലാണ് ഈ ഫീച്ചറുകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ല. ഈ കാരണത്താൽ ആകാം ബ്ലൂ ടിക് റിമൂവ് ചെയ്തതെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 

content highlights: Facebook didn’t remove the blue tick from Apple’s page, says it wasn’t verified in the first place