പാലാരിവട്ടം മേല്‍പ്പാലം: ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് വകുപ്പ് തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് പാലത്തിന്റെ നിര്‍മ്മാണത്തില്‍ കാര്യമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നത്.വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്താനും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പാലത്തിന്റെ നിര്‍മ്മാണ സമയത്ത് കരാറെടുത്തവരേയും നിര്‍മ്മാണത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരേയും കേസില്‍ പ്രതി ചേര്‍ത്തുകൊണ്ടാണ് അന്വേഷണം നടത്തേണ്ടതെന്നും വിജിലന്‍സ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങണമോ എന്ന് വിജിലന്‍സ് ഡയറക്ടറാണ് തീരുമാനിക്കുക.

മുന്‍പ് ഐ.ഐ.ടി സംഘം നടത്തിയ പരിശോധനയില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ വേണ്ടത്ര സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. ഐ.ഐ.ടി സംഘത്തിന്റെ അനുവാദം ലഭിക്കാതെ ഇനി പാലത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. ജൂണ്‍ ഒന്നിന് പാലം തുറക്കാന്‍ കഴിയുമോ എന്നും ഇപ്പോള്‍ ഉറപ്പില്ല.