പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു

നരേന്ദ്രമോദി ഇന്ത്യയുടെ രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മോദീ മന്ത്രിസഭയില്‍ രണ്ടാമനായി രാജ്‌നാഥ് സിങും മൂന്നാമനായി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നാലാമനായി നിധിന്‍ ദഡ്ഗരിയും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് റാങ്കുള്ള 25 പേരും സ്വതന്ത്ര ചുമതലയുള്ള 9 പേരും സഹമന്ത്രിമാരായി 24 പേരും ഉള്‍പ്പെടെ രണ്ടാം മോദി മന്ത്രിസഭയില്‍ 58 പേരാണു സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭാ എംപി വി മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് വി.മുരളീധരന്‍. നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി ഹസിമ്രത് കൗര്‍ ബാദല്‍ എന്നിവരാണു കാബിനറ്റ് റാങ്കുള്ള വനിതകള്‍. ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അംഗടി തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.

രാഷ്ട്രപതിഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാരും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു. ഡല്‍ഹി പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 10,000 ഉദ്യോഗസ്ഥരാണു സുരക്ഷ ഒരുക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുള്‍പ്പെടെ നേതാക്കളുടെ വലിയ നിരയാണു ചടങ്ങില്‍ പങ്കെടുത്തത്.