ന്യൂഡല്‍ഹി:വയനാട് മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ശേഷം നിയുക്ത എംപി രാഹുല്‍ഗാന്ധി ഭരണകാര്യത്തില്‍ ആദ്യ ഇടപ്പെടല്‍ നടത്തി. കടബാധ്യതമൂലം വയനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. പനമരത്ത് വി. ദിനേഷ് കുമാര്‍ എന്ന യുവാവാണ് സാമ്പത്തിക ബാധ്യത താങ്ങാനാവാതെ ജീവനൊടുക്കിയത് .
ദിനേഷ് കുമാറിന്റെ ഭാര്യ സുജാതയുമായി ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ കത്തില്‍ വ്യക്തമാക്കുന്നു. ഒപ്പം ദിനേഷ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാന്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെടുന്നു.