രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തിക്കുന്നതിന് കോണ്‍ഗ്രസ് നീക്കം സജീവം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റു വാങ്ങേണ്ടി വന്ന കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 52 സീറ്റുകള്‍ മാത്രമാണ്. എന്നാല്‍ ലോക്‌സഭയില്‍ പ്രതിക്ഷം ആകണമെങ്കില്‍ വേണ്ട 54 സീറ്റ് തികയ്ക്കാന്‍ ഇനിയും രണ്ട് സീറ്റുകള്‍ വേണം. സഖ്യം തികയ്ക്കാന്‍ രണ്ട് സ്വതന്ത്രരെ കൂടി കൂട്ടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി എന്‍സിപിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ തള്ളിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്ന് എന്‍സിപിയുടെ പിന്തുണയോടെ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കൂടെ നിര്‍ത്തുന്നതില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന് എതിര്‍പ്പില്ലെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. അതോടൊപ്പം ഒരാളെക്കൂടി കോണ്‍ഗ്രസിന് കണ്ടെത്തേണ്ടതായി വരും.
തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാരെ വിളിച്ചു ചേര്‍ത്ത് ഇന്ന് കോണ്‍ഗ്രസ് യോഗം ചേരും. യോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് മാറുന്നുവെന്ന തീരുമാനം രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നു.