കൊച്ചിയില്‍ യുവാവിന് നിപ്പ സ്ഥിരീകരിച്ചു

പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടക്കന്‍പറവൂര്‍ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

പത്ത് ദിവസമായുള്ള പനിയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിനെ ബാധിച്ച വൈറസ് ഏതെന്ന് ആശുപത്രിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ആലപ്പുഴയിലേക്കും പൂനയിലേയ്ക്കും വിദഗ്ദ പരിശോധനകള്‍ക്കായി അയച്ചത്. യുവാവിന് ഇടുക്കിയില്‍ നിന്നാണ് നിപ ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴയിലെ കോളേജില്‍ വച്ചാണ് യുവാവിന് പനി പിടിപെടുന്നത്. എന്നാല്‍ പനിയോടെ തന്നെ യുവാവ് രണ്ടാഴ്ചത്തെ തൊഴില്‍ പരിശീലത്തിനായാണ് തൃശ്ശൂരില്‍ എത്തുകയായിരുന്നു. 22 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് യുവാവ് തൃശ്ശൂരിൽ എത്തിയത്. ഇവിടെ വച്ച് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോയത്.

നിപ ബാധ സ്ഥിരീകിച്ചതോടെ എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ കനത്ത മുന്നറിയിപ്പ് നല്‍കിയുിട്ടുണ്ട്. യുവാവ് പഠിച്ചിരുന്ന കോളേജും പരിസരവും തൊഴില്‍ പരിശീലനം നടത്തിയ തൃശ്ശൂരിലെ സ്ഥലങ്ങളും ചികിത്സ തേടിയ ആശുപത്രികളും നിരീക്ഷണത്തിലാണ്. കൂടാതെ രോഗിയുടെ കുടുംബാംഗങ്ങളും തൃശ്ശൂര്‍ ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. മുന്‍കരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തിനോട് ചേര്‍ന്നുള്ള ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

ചികിത്സയ്ക്ക് മരുന്നുള്‍പ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിന്‍ എന്ന ഗുളികകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നല്‍കുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി ഇപ്പോള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാല്‍ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.