ലുലു മാളിൽ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ്; പൊലീസിൽ പരാതി

: Girl abused in Lulu Mall Kochi again

കൊച്ചിയിലെ ലുലു മാളില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ആലപ്പുഴ സ്വദേശിയായ യുവതിയാണ് മാളിൽ വെച്ച് യുവാവ് നഗ്നപ്രദർശനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്. ഡിസംബര്‍ 25നാണ് സംഭവം നടന്നത്. ലുലു മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തിരക്കേറിയ സമയത്താണ് മാളിൽവെച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. യുവാവിനെ തിരിച്ചറിയാനുള്ള മറ്റു നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് എത്രയും വേഗം പ്രതിയെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

നേരത്തെ ലുലു മാളില്‍ വെച്ചുതന്നെ യുവനടിക്ക് നേരെ അതിക്രമം നടന്നിരുന്നു. നടി ഇൻസ്റ്റഗ്രാമിൽ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

content highlights: Girl abused in Lulu Mall Kochi again