വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും സാമ്പത്തികമുരടിപ്പും പരിഹരിക്കാന്‍ രണ്ട് കാബിനറ്റ് കമ്മിറ്റികള്‍ രൂപികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ പുതിയ രണ്ടു കമ്മിറ്റികളാണ് രൂപികരിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനുള്ള ചുമതല.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള കമ്മിറ്റിയില്‍ 10 കേന്ദ്ര മന്ത്രിമാരാണുള്ളത്. അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സംരഭകത്വ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ, തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാര്‍, ഭവന-നഗരകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാനിരക്ക് (ജിഡിപി) 5.8 ശതമാനമായി കുറഞ്ഞിരുന്നു. 2017 ജൂലൈ മുതല്‍ 2018 ജൂലൈ വരെയുള്ള കണക്കനുസരിച്ച് 45 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇപ്പോഴുള്ളത്.








