കൈകുഞ്ഞായി ഏറ്റുവാങ്ങിയ അതേ കരങ്ങള്‍ കൊണ്ട് രാജമ്മ രാഹുലിനെ പുണര്‍ന്നു. 1970 ജൂണ്‍ 19 ന് ന്യൂഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ രാഹുല്‍ ഗാന്ധി പിറന്നു വീണപ്പോള്‍ അതിന് സാക്ഷ്യം വഹിച്ച വ്യക്തിയാണ് രാജമ്മ രാജപ്പന്. അന്ന് ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സായ രാജമ്മയാണ് കുഞ്ഞുരാഹുലിനെ ആദ്യമായി കൈകളില്‍ എടുത്തത്. പിന്നീട് ഒരാഴ്ചയോളം രാഹുലിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതും രാജമ്മ തന്നെ. വയനാട് ബത്തേരി കല്ലൂര്‍ സ്വദേശിയാണ് രാജമ്മ. നാലരപതിറ്റാണ്ടുകള്ക്ക് ശേഷം മറ്റൊരു ജൂണ്‍ മാസത്തില്‍ അവര്‍ രണ്ടുപേരും വീണ്ടും കണ്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ രണ്ട് തവണ വയനാട്ടില്‍ എത്തിയെങ്കിലും രാജമ്മക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് എഐസിസി നേതൃത്വം ഇടപെട്ടാണ് ഇന്നലെ കൂടികാഴ്ചക്ക് അവസരമൊരുക്കിയത്. കല്പറ്റ റെസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ഇരുവരും കണ്ട് സംസാരിച്ചത്. ഭര്‍ത്താവ് രാജപ്പനും പേരക്കുട്ടികളും രാജമ്മയോടൊപ്പം ഉണ്ടായിരുന്നു. കൂടികാഴ്ച പത്ത് മിനിറ്റോളം നീണ്ടു. രാജമ്മയുടെ വിശേഷങ്ങളൊക്കെ രാഹുല്‍ ചോദിച്ചറിഞ്ഞു. അഹമ്മദാബാദ് മിലിട്ടറി ആശുപത്രിയില്‍ നിന്ന് ലഫ്റ്റനന്റായാണ് രാജമ്മ വിരമിച്ചത്.