ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവിവേകത്തോടെയാണ് പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രശാന്തിനെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതിയും വിധിച്ചിരുന്നു.
തനിക്കെരിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ആര്‍എസ്എസ്/ ബിജെപി നിയമിച്ച മാധ്യമപ്രവര്‍ത്തപരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പല പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലുമുള്ള മാധ്യമപ്രവര്‍ത്തകരുടെ എണ്ണം തീരെ ഇല്ലാത്ത അവസ്ഥയായിരിക്കുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രി വിഡ്ഢിത്തമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രശാന്ത് കനോജിയയെ അറസ്റ്റില്‍ നിന്നും മോചിപ്പിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് പ്രശാന്ത് കനോജിയ എന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തതിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ലക്‌നൗവിലെ ഹസ്രത്ത്ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിനു മുമ്പ് നേഷന്‍ ലൈവ് എന്ന സ്വകാര്യ വാര്‍ത്താ ചാനലിന്റെ മേധാവി ഇഷികാ സിങ്ങിനെയും എഡിറ്റര്‍ അനുജ് ശുക്ലയേയും ചാനലിലൂടെ യോഗിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റു ചെയ്തിരുന്നു.