പശുക്കള്‍ ചത്തതിനെതിരെ നടപടിയെടുത്ത് യോഗി ആദിത്യനാഥ്; എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കള്‍ ചത്തതിനെതുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് രോഷാകുലനായാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ കലക്ടര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അയോധ്യയിലെ ഗോശാലകളില്‍ പശുക്കളുടെ ജഡം കിടക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി.

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ കൃഷി നശിപ്പിക്കുന്നതിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. തെരുവില്‍ അലയുന്ന പശുക്കള്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാവുന്നതായും കര്‍ഷകര്‍ ചൂണ്ടികാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോശാലയില്‍ പശുക്കളെ പാര്‍പ്പിച്ച് സംരക്ഷിക്കാന്‍ തീരുമാനമെടുത്തത്.