പൊലീസിൽ പരാതിപ്പെടുന്നതിന് മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത്. വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജൂണ്‍ പതിമൂന്നിനാണ് യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനും വളരെ മുമ്പുതന്നെ യുവതി സി പി എമ്മിന്റെ കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. വ്യക്തിപരമായ വിഷയമായതിനാല്‍ അനൗപചാരിക ചര്‍ച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നെന്നും സൂചനയുണ്ട്. പരാതി വ്യക്തിപരമായതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കള്‍ സ്വീകരിച്ചത്. പാര്‍ട്ടി നേതാക്കള്‍ ആരും വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്രനേതാക്കള്‍ നിര്‍ദേശം നല്‍കി.
നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്ന സാഹചര്യത്തിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനില്‍നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദുബായില്‍ ഡാന്‍സ് ബാറില്‍ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.