കർണാടക പിസിസി പിരിച്ചു വിട്ടു

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു. സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താകുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്. കർണാടക പി.സി.സി പിരിച്ചുവിട്ടെങ്കിലും നിലവിലെ പി.സി.സി പ്രസിഡന്‍റ് ദിനേശ് ഗുണ്ടറാവു, വർക്കിങ് പ്രസിഡന്‍റ് ഈശ്വർ ബി. ഖാന്ദ്രെ എന്നിവർ പദവിയിൽ തുടരുമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.

പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് കർണാടകയിലെ മുതിർന്ന നേതാവും ശിവാജി നഗർ എം.എൽ.എയുമായ റോഷൻ ബേഗിനെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടർന്നാണ് നടപടി. കർണാടക പി.സി.സി പ്രസിഡന്‍റ് ദിനേശ് ഗുണ്ടുവിനെയും മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെയും പരസ്യ വിമർശനം നടത്തിയിട്ടുള്ള റോഷൻ ബേഗ് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഈയിടെ കോമാളിയെന്ന് വിളിച്ചിരുന്നു.