രാജു നാരായണ സ്വാമി ഐഎഎസിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിയെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടാനൊരുങ്ങുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കി. സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വമിക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. കേരളത്തിന്റെ ശുപാര്‍ശ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.

കേന്ദ്ര സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന് ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചുവിടണമെന്ന തീരുമാനമെടുത്തത്. കേന്ദ്ര- സംസ്ഥാന സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല,നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സര്‍ക്കാര്‍ രേഖകളിലില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെയുള്ളത്.

എസ്എല്‍സി, പ്രീഡിഗ്രി, ഗേറ്റ്, ഐഐടി, സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് രാജുനാരായണ സ്വാമി. സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനായി മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ നിയോഗിച്ച ദൗത്യസംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. കെ സുരേഷ് കുമാര്‍ ഐഎഎസ്, ഋഷിരാജ് സിങ് ഐപിഎസ് എന്നവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. മുന്‍ മന്ത്രിയായിരുന്ന ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണ സ്വാമിയായിരുന്നു.