
അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ട ഇറാനെതിരെ ആക്രമണത്തിന് മുതിർന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടൻ പിൻവലിക്കുകയായിരുന്നു. മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. വൈറ്റ് ഹൈസിൽ കടുത്ത വാഗ്വാദങ്ങൾക്കും ചർച്ചകൾക്കൊടുവിലാണ് തീരുമാനമെടുത്തത്. ഇറാന്റെ റഡാറുകളും മിസൈൽ വാഹിനികളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. വ്യാഴാഴ്ച രാത്രി ആക്രമണം നടത്താനായിരുന്നു തീരുമാനം. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും ഒരുങ്ങിയെങ്കിലും മിസൈൽ തൊടുക്കുന്നതിന് മുമ്പ് പിൻവാങ്ങാൻ നിർദേശമെത്തുകയായിരുന്നു.
130 മില്യൺ വിലയുള്ള ചാര ഡ്രോണാണ് ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചതിന് റെവല്യൂണനറി ഗാർഡ് കഴിഞ്ഞ ദിവസം വെടിവെച്ചിട്ടത്. ഇറാെൻറ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും ഡ്രോൺ അന്താരാഷ്ട്ര വ്യോമ മേഖലയിലായിരുന്നെന്നുമാണ് പെന്റഗൺ വക്താവ് പ്രതികരിച്ചത്. വ്യോമപരിധിയിലേക്കുള്ള നുഴഞ്ഞുകയറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിെല സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതോടെയാണ് നിലവിലെ സ്ഥിതി കൂടുതൽ വഷളായത്.