ട്രംപിന്റെ അക്കൗണ്ട് വിലക്കില്‍ പൊതുജന അഭിപ്രായം തേടി ഫേസ്ബുക്ക്

Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

സാന്‍ഫ്രാന്‍സിസ്‌കോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് പരിശോധിക്കാന്‍ പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ഫേസ്ബുക്കിന്റെ ഓവര്‍സൈറ്റ് ബോര്‍ഡ്. സ്ഥാനാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ അഭിപ്രായങ്ങളെ ഫേസ്ബുക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ജനങ്ങളില്‍ നിന്ന് ഓവര്‍സൈറ്റ് അഭിപ്രായം തേടുക.

ഫെബ്രുവരി എട്ടിന് മുമ്പ് ജനങ്ങള്‍ അഭിപ്രായം നല്‍കണമെന്നാണ് ഫേസ്ബുക്ക് ഓവര്‍സൈറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അവരുടെ സ്ഥാനവും അധികാരവും, രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പ്രാധാന്യം, അറിയാനുള്ള ജനങ്ങളുടെ അവകാശം എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള അഭിപ്രായങ്ങളാണ് സ്വീകരിക്കുക. കഴിഞ്ഞയാഴ്ച്ചയാണ് ട്രംപിന്റെ അക്കൗണ്ട് വിലക്കിയ നടപടി ഓവര്‍സൈറ്റ് ബോര്‍ഡിന്റെ പരിശോധനയ്ക്ക് നല്‍കിയത്.

ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ യു.എസ്. കാപിറ്റോളിന് നേരെ നടത്തിയ അക്രമസംഭവങ്ങളില്‍ ട്രംപിന്റെ രണ്ട് പോസ്റ്റുകളും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രോത്സാഹനമായെന്ന നിരീക്ഷണത്തിലാണ് അക്കൗണ്ടിന് അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് ഫേസ്ബുക്കിനെ നയിച്ചത്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Content Highlights: Facebook Oversight Board seeks public feedback on Trump ban