ബാലകോട്ട്​ ദൗത്യം 90 സെക്കൻറിനുള്ളിൽ; കുടുംബാംഗങ്ങൾ പോലും അറിഞ്ഞില്ലെന്ന്​ പൈലറ്റ്

പാകിസ്താനിലെ ബാലാകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണം 90 സെക്കന്റുകൾക്കുള്ളിൽ പൂർത്തിയായെന്ന് വെളിപ്പെടുത്തല്‍. ആക്രണത്തില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ് ആക്രമണം നടത്തിയതെന്നും ദൗത്യത്തില്‍ പങ്കെടുത്ത രണ്ട് വ്യോമസേന പൈലറ്റുമാര്‍ പറഞ്ഞു.

90 സെക്കന്റ് മാത്രമാണ് ദൗത്യം നീണ്ട് നിന്നത്. അവിടെ ചെന്ന് ആയുധം ഉപയോഗിച്ചു തിരിച്ച് പോന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് പോലും ദൗത്യത്തെ സംബന്ധിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ല.-ആക്രമണത്തില്‍ പങ്കെടുത്ത മിറാഷ് 2000 യുദ്ധവിമാനത്തിന്റെ പൈലറ്റ് പറഞ്ഞു.
അടുത്ത ദിവസം വാര്‍ത്ത കണ്ട എന്റ ഭാര്യ എന്നോട് ചോദിച്ചു, നിങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നോ എന്ന്. ഞാന്‍ ഒന്നും പറയാതെ പെട്ടെന്ന് ഉറങ്ങുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് സൈന്യത്തിന്റെ ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായി ആക്രമത്തിന് മുമ്പ് നിയന്ത്രണ രേഖയില്‍ ഏറെ നേരം നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നതായും മറ്റൊരു പൈലറ്റ് വെളിപ്പെടുത്തി.

ആക്രണം നടത്തുന്നതിന്റെ രണ്ട് ദിവസം മുമ്പ് മാത്രമാണ് ദൗത്യം സംബന്ധിച്ച് സൂചന ലഭിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും കൃത്യമായ ചിത്രം ആര്‍ക്കും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.