മൊറട്ടോറിയം നീട്ടാന്‍ വീണ്ടും ആര്‍ബിഐയെ സമീപിക്കാന്‍ തീരുമാനം. ബാങ്കേഴ്സ് സമിതി ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കി. കാര്‍ഷിക വായ്പകള്‍ മുടങ്ങിയാല്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച ബാങ്കേഴ്സ് സമിതിയുമായി മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കാർഷിക വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്സ് സമിതി പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. മൊറട്ടോറിയം കാലാവധി നീട്ടി നൽകില്ലെന്ന് ആര്‍ബിഐ അറിയിച്ച സാഹചര്യത്തില്‍ ജപ്തി ഒഴിവാക്കാനാകില്ലെന്നാണ് ബാങ്കേഴ്സ് സമിതിയുടെ വിശദീകരണം.
കാർഷിക വായ്പകൾ ഉൾപ്പെടെയുള്ളവയിൻമേൽ ജപ്തി നടപടികൾ ഉടൻ ഉണ്ടാവില്ലെന്ന് കൃഷിമന്ത്രി ഉൾപ്പെടെ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് ബാങ്കേഴ്സ് സമിതിയുടെ നിലപാട്. റിസര്‍വ് ബാങ്കിന് വീണ്ടും കത്ത് നല്‍കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്നാണ് ആർബിഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചത്. ഒരു തവണ മൊറട്ടോറിയം നീട്ടിയതുതന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഈ പരിഗണന നൽകിയിട്ടില്ലെന്നും ആർബിഐ വ്യക്തമാക്കി.
കർഷകരെടുത്ത എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെയാണ് സംസ്ഥാന സർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയത്. കാർഷിക വായ്പയ്ക്കും കൃഷി പ്രധാന വരുമാനമാർഗമായ കർഷകരെടുത്ത എല്ലാത്തരം വായ്പകൾക്കുമാണ് മൊറട്ടോറിയം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മേയ് 29ന് ഉത്തരവിറക്കി.
എന്നാൽ മാർച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസർവ് ബാങ്ക് നിലപാട്. ഇടുക്കി, വയനാട് ജില്ലകളിൽ കർഷക ആത്മഹത്യകളുണ്ടായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന് വ്യക്തമായതിനെത്തുടർന്ന് മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചാണ് വായ്പയ്ക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം തീരുമാനിച്ചത്. ഇതു നടപ്പാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്‍റെ അനുമതി വേണം. ബാങ്കേഴ്സ് സമിതി ഇതിന് അനുമതി തേടിയപ്പോഴാണ് മൊറട്ടോറിയം നീട്ടേണ്ടെന്ന മറുപടി ലഭിച്ചത്.