ഓരോ വർഷവും 2000 രൂപ നോട്ടിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി ആർബിഐ

Rs 2,000 notes were not printed in 2019-20: RBI annual report

മുൻ സാമ്പത്തിക വർഷത്തിൽ 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്ന് ആർബിഐ. ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോ വർഷവും കുറഞ്ഞു വരികയാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 മാർച്ചായപ്പോൾ ഇത് 32910 ലക്ഷമായും 2020 മാർച്ചിൽ 27398 ലക്ഷമായും കുറഞ്ഞു.

2020 മാർച്ച് അവസാനത്തെ കണക്കെടുത്താൽ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളിൽ 2.4 ശതമാനം മാത്രമാണ് 2000 ത്തിൻ്റെ നോട്ടുകൾ. മൂല്യം കണക്കാക്കുമ്പോൾ ഇത് 22.6 ശതമാനം വരും. മാത്രവുമല്ല 2000 ത്തിൻ്റെ നോട്ടുകളുടെ പ്രചാരം കുറഞ്ഞ സാഹചര്യത്തിൽ 500 ന്റേയും 200 ന്റെയും നോട്ടുകൾ അതിന് ആനുപാതികമായി വിപണിയിൽ വൻ തോതിൽ കൂടുകയും ചെയ്തിട്ടുണ്ട്.

2019-2020 സാമ്പത്തിക വർഷത്തിൽ മൊത്തം നോട്ടുകളുടെ പ്രചാരത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറവുണ്ടായതായും ആർബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി. കൊവിഡ് വ്യാപനം മൂലമുള്ള അടച്ചിടലാണ് ഇതിനു കാരണമായി പറയുന്നത്.

Content Highlights; Rs 2,000 notes were not printed in 2019-20: RBI annual report