പഴകിയ നാണയങ്ങളും നോട്ടുകളും മാറ്റി കൊടുക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ.യുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഉപയോഗ ശൂന്യമായ നാണയങ്ങളും നോട്ടുകളും ഇനി മുതല്‍ മാറ്റി എടുക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്. ഇതു സംബന്ധിച്ച് എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും റെസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് പ്രചാരത്തിലുള്ള എത്ര ചെറിയ നാണയവും സ്വീകരിക്കണമെന്നാണ് ആര്‍ബിഐ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും ശാഖകളില്‍ നാണയങ്ങളും നോട്ടുകളും മാറ്റി കൊടുക്കാനാണ് നിര്‍ദ്ദേശം. നേരത്തെ ബാങ്കിന്റെ ചെറിയ ശാഖകള്‍ക്ക് ഇതു സംബന്ധിച്ച് അധികാരം നല്‍കിയിരുന്നില്ല. ബാങ്കുകളുടെ പ്രധാന ശാഖകള്‍ക്കും, കറന്‍സി ചെസ്റ്റ് ഉള്ള ശാഖകള്‍ക്കും മാത്രമായിരുന്നു പഴകിയ നോട്ടുകള്‍ മാറ്റാനുള്ള അനുമതി. നിലവിലത്തെ സൗകര്യത്തെ കുറിച്ച് ജനങ്ങളെ അറിയിക്കാനും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു രൂപ, രണ്ട് രൂപ നാണയങ്ങളടക്കം ബാങ്കില്‍ സ്വീകരിക്കും. എന്നാല്‍, നാണയങ്ങള്‍ കൊണ്ടു വരുന്നവര്‍ പരമാവധി നൂറെണ്ണത്തിന്റെ പാക്കറ്റായി നല്‍കിയാല്‍ നടപടി ക്രമങ്ങള്‍ എളുപ്പമാകുമെന്നും ആര്‍ബിഐ സൂചിപ്പിക്കുന്നു.

5000 രൂപ വരെ മൂല്യമുള്ള നോട്ടുകള്‍ സൗജന്യമായി മാറ്റി നല്‍കുമെന്നും എന്നാല്‍, ഇതില്‍ കൂടുതല്‍ എണ്ണമോ, തുകയോ ഉണ്ടെങ്കില്‍ ബാങ്കുകള്‍ പ്രത്യേകം നിരക്ക് ഈടാക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Content Highlight: RBI to all Banks facilitate exchange of new notes instead of old notes and currencies