മുംബൈയിൽ കനത്ത മഴ; രണ്ടിടത്ത് മതിൽ ഇടിഞ്ഞ് 16 മരണം

കനത്ത മഴ തുടരുന്ന മുംബൈയിലും സമീപ നഗരമായ താനെയിലും മതിലുകൾ ഇടിഞ്ഞ് 16 പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ കിഴക്കൻ മലാഡിലാണ് ആദ്യ ദുരന്തം ഉണ്ടായത്. മലാഡിലെ കുരൂർ ഗ്രാമത്തിൽ മതിൽ തകർന്ന് 13 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ച് പേർ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുള്ളതായി അധികൃതർ പറഞ്ഞു. ചെരിഞ്ഞ പ്രദേശത്ത് കുടിലുകൾക്ക് നിർമിച്ച താങ്ങുമതിലാണ് തകർന്നത്. അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തി. സമീപ സ്ഥലമായ താനെയിലെ കല്യാണിൽ സ്കൂളിനെ മതിൽ വീടുകൾക്കുമേൽ ഇടിഞ്ഞ് വീണ് മൂന്നു വയസ്സുകാരനടക്കം മൂന്ന് പേർ മരിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങൾ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയിൽ റോഡ്, റെയിൽ, വ്യോ ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു പല സ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. 540 മില്ലി മീറ്റര്‍ മഴയാണ് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം നഗരത്തില്‍ പെയ്തത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ മഴയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്‌. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും.