സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Heavy Rain Alert In Kerala Orange And Yellow Alert

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴയുടെ തോതനുസരിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത.  

തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ നാളെയും മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഉച്ചയ്ക്ക് രണ്ടുമണി മുതൽ പത്ത് മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ഇടിമിന്നൽ കൂടുതൽ സജീവമാകാൻ സാധ്യതയുണ്ട്. കടലിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള, ലക്ഷ്യദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിട്ടുണ്ട്. 

content highlights: Heavy Rain Alert In Kerala Orange And Yellow Alert