അതിതീവ്ര ന്യൂനമർദം ആയി; തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന് മുന്നറിയിപ്പ്

South Kerala heavy rain-Hurricane threat

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് അതി തീവ്ര ന്യൂനമർദമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിൽ നാളെയും മറ്റനാളും ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെ വെെകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും ഉണ്ട്. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ നവംബർ 30 അർധരാത്രിയോട് കൂടി എറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് അറിയിച്ചിരുന്നു. ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനമർദത്തിൻ്റെ വികസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും നിരീക്ഷിച്ചു വരികയാണ്. 

content highlights: South Kerala heavy rain-Hurricane threat