പൊലീസ് സഹായിച്ചില്ല; വാഹനാപകടത്തില്‍പ്പെട്ട ആള്‍ രക്തം വാര്‍ന്ന് മരിച്ചു

Blood drops

റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. കോട്ടയം വെമ്പള്ളിയില്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചു. റോണി ജോ എന്നയാളാണ് മരിച്ചത്. പോലീസ് വാഹനം എത്തി അരമണിക്കൂറിന് ശേഷമാണ് പരിക്കേറ്റ് കിടന്ന ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായത്.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കുറവിലങ്ങാടിന് സമീപമുള്ള വെമ്പള്ളിയിലാണ് അപകടമുണ്ടായത്. കുറവിലങ്ങാട് സ്വദേശിയായ റോണി ജോയും മകന്‍ ഫിലിപ്പും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും റോഡില്‍ വീണു. ഈ സമയത്താണ് തൃശ്ശൂര്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് വന്ന ഒരു വാഹനം ഈ വഴി കടന്നുവന്നത്. എന്നാല്‍ ഈ വാഹനത്തില്‍ പരിക്കേറ്റവരെ കയറ്റാന്‍ തയ്യാറായില്ല.

അപകടത്തില്‍ ഗുരുതരാവസ്ഥയിലായ റോണിജോയ്ക്ക് ഇതേതുടര്‍ന്ന് അരമണിക്കൂറോളം റോഡില്‍ കിടക്കേണ്ടി വന്നു. റോഡില്‍ കിടന്ന് രക്തം വാര്‍ന്നുപോകുന്ന അവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ പോലീസ് വാഹനത്തില്‍ കയറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ അത് വിസമ്മതിക്കുകയായിരുന്നു. എ.ആര്‍ ക്യാമ്പിലെ കറുകച്ചാലില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊണ്ടുവിടാന്‍ പോവുകയായിരുന്നു ഇവര്‍. റോണി ജോയെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ തയ്യാറായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരോപണം.