മണര്‍കാട് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ കോട്ടയം സബ് കോടതി ഉത്തരവ്

കോട്ടയം: കോട്ടയം മണര്‍കാട് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ച് കോട്ടയം സബ് കോടതി. നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളി, ജില്ലാ ഭരണകൂടം ഏറ്റെടുക്കാനാണ് കോടതി നിര്‍ദ്ദേശം. പൊതുസഭ വിളിച്ച് കൂട്ടി പുതിയ ഭരണ സമിതിയെ രൂപീകരിക്കാനും കോടതി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

യാക്കോബായ വിഭാഗത്തിന്റെ പ്രധാന പള്ളിയായ മണര്‍ക്കാട് പള്ളി തിരികെ ലഭിക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഏകദേശം രണ്ടായിരത്തോളം യാക്കോബായ വിശ്വാസികളാണ് മണര്‍ക്കാട് പള്ളിക്ക് കീഴില്‍ ഉള്ളത്. മര്‍ത്തോമ വിശ്വാസികള്‍ ഒരാളുപോലുമില്ലാതെ പള്ളി അവര്‍ക്ക് വിധിച്ച രീതി ശരിയായില്ലെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ വട്ടവേലില്‍ പ്രതികരിച്ചു.

1934ലെ ഭരണഘടന പ്രകാരം, യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെയെല്ലാം അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്കാണെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. ഇതനുസരിച്ച് യാക്കോബായ വിഭാഗത്തില്‍ നിന്ന് പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

കോടതി വിധിയിലൂടെ വര്‍ഷങ്ങളായി സഭയിലുണ്ടായ തര്‍ക്കത്തിന് പരിഹാരമായതായി ഓര്‍ത്തഡോക്സ് സഭാവൈദികനായ പികെ കുര്യാക്കോസ് കോടതി വിധിയോട് പ്രതികരിച്ചു. വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Kottayam Manarcad Church to take over from Jacobite church