തമിഴ്നാട്ടിലെ കടുത്ത ജലപ്രതിസന്ധി കാരണം സിനിമകളിൽ ‘റെയിൻ ഇഫക്ട്’ ഒഴിവാക്കാൻ ഒരുങ്ങുകയാണ് തമിഴകത്തെ ഒരു കൂട്ടം സംവിധായകർ. തമിഴ്നാടിന്റെ പല ജില്ലകളിലും കടുത്ത ജലദൗർലഭ്യം നേരിടുന്ന ഒരു സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹാർദപരമായ സമീപനവുമായി ഒരു കൂട്ടം സംവിധായകർ രംഗത്തെത്തിയിരിക്കുന്നതത്. ഇപ്പോഴത്തെ കടുത്ത ജലപ്രതിസന്ധി കണക്കിലെടുത്ത് ജലസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തയ്യാറെടുക്കുകയാണ് സിനിമാലോകം.
സിനിമകളിലെ മഴ രംഗങ്ങൾ (വെള്ളം ധാരാളമായി ഉപയോഗിച്ച് മഴയുടെ ഇഫക്റ്റ് വരുത്തുന്ന സീനുകൾ) ഒഴിവാക്കുകയോ അല്ലെങ്കിൽ ഷവർ ടെക്നിക്കുകൾ ഉപയോഗിച്ച് മിതമായ വെള്ളം മാത്രം ഉപയോഗിച്ച് ചിത്രീകരിക്കാൻ ശ്രമിക്കുകയോ ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെടുകയാണ് സംവിധായകരുടെ കൂട്ടായ്മ.
“സിനിമാസെറ്റുകളിൽ വാട്ടർ ടാങ്കുകൾ ധാരാളമായി ഉപയോഗിക്കുന്നത് ജലപ്രതിസന്ധി രൂക്ഷമാക്കും. അതുകൊണ്ട് ‘റെയിൻ എഫക്റ്റ്’ ഷോട്ടുകൾ ഒഴിവാക്കുകയാണ്. വളരെയധികം വെള്ളം ഉപയോഗിക്കുന്നത് ഒരു ക്രിമിനൽ മാലിന്യമാണ്, ആളുകൾ അത് മനസിലാക്കി, ബോധപൂർവ്വം പെരുമാറുന്നുണ്ട്,” സംവിധായകൻ ജി.ധനഞ്ജയൻ പിടിഐയോട് പ്രതികരിച്ചു.
“മഴ ഒരു സിനിമയിൽ ഒഴിച്ചുകൂടാനാവാത്തതാണെങ്കിൽ, ഒരു കെട്ടിടം മുഴുവൻ മഴ നനയുന്നത് കാണിക്കുന്നതിനുപകരം, ഒരു ജാലകത്തിലൂടെയുള്ള മഴയുടെ കാഴ്ച സൃഷ്ടിക്കാവുന്നതാണ്. അതിന് ഒരു ബക്കറ്റ് വെള്ളം മാത്രമേ ആവശ്യമുള്ളൂ,” ബ്ലൂ ഓഷ്യൻ ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമിയുടെ (ബോഫ്റ്റ) ഡയറക്ടർ കൂടിയായ ധനഞ്ജയൻ പറയുന്നു.
ജലപ്രതിസന്ധി ഇത്രയും രൂക്ഷമാകുന്നതിനു മുൻപു തന്നെ സിനിമയിൽ റെയിൻ ഇഫക്റ്റ് ഷോട്ടുകൾ ചിത്രീകരിക്കാനുള്ള വെള്ളം ലഭിക്കാൻ നിർമാതാക്കൾ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വളരെ അപൂർവ്വമായേ ആവശ്യത്തിന് വെള്ളം ലഭിക്കാറുള്ളൂവെന്നും അതുകൊണ്ടാണ് നിർമാതാക്കൾ ഹൈദരാബാദ് പോലുള്ള നഗരങ്ങൾ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കാൻ നിർബന്ധിതരാവുന്നതെന്നും ഫിലിം കമന്റേറ്റർ ആയ എം.ഭാരത് കുമാർ പറയുന്നു.
അജിത്ത് നായകനായ ‘വിശ്വാസം’, രജനീകാന്തിന്റെ ‘കാല’ തുടങ്ങിയ ചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾ ചെന്നൈയ്ക്ക് പുറത്ത് ഹൈദരാബാദിലും മുംബൈയിലുമൊക്കെയായി ചിത്രീകരിക്കാനുള്ള പ്രധാന കാരണവും ഇതാണെന്ന് ഭാരത് കുമാർ ചൂണ്ടിക്കാണിക്കുന്നു. “നിങ്ങൾ ഇന്ന് ഒരു തമിഴ് സിനിമയിൽ മഴയുടെ പ്രഭാവം കാണിക്കുന്നുവെങ്കിൽ ആളുകൾ നിങ്ങളെ പരിഹസിക്കും, അത് സിനിമാ നിർമാതാക്കൾ ഒഴിവാക്കുമെന്ന് ഞാൻ മനസിലാക്കുന്നു,” ഇന്തോ സിനി അപ്രീസിയേഷൻ ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറിയായ ഇ.തങ്കരാജ് പറയുന്നു. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ മാത്രം മഴയുടെ പ്രഭാവം കാണിക്കുന്നതാവും ഉചിതമെന്നാണ് തങ്കരാജിന്റെ വിലയിരുത്തൽ.
സിനിമയിൽ മാത്രമല്ല, ബിഗ് ബോസ് റിയാലിറ്റി ഷോയും ജലപ്രതിസന്ധിയോട് നീതിയുക്തമായ സമീപനമാണ് കാഴ്ചവയ്ക്കുന്നത്. ബിഗ് ബോസ് ഹൗസിൽ വാട്ടർ മീറ്ററുകൾ കൊണ്ടുവന്ന് അന്തേവാസികളുടെ ജല ഉപയോഗത്തിൽ അളവ് നിശ്ചയിച്ചിരിക്കുകയാണ് ചാനൽ അധികൃതർ.