ബെഗലൂരു: രാജ്യത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും പേറി ചാന്ദ്രപര്യവേക്ഷണ ദാത്യമായ ചാന്ദ്രയാന്‍-2 നാളെ പുലര്‍ച്ചക്ക് 2.51 ന് ചന്ദ്രനെ ലക്ഷമാക്കി കുതിച്ചുയരും. വിക്ഷേപണത്തിന്റെ 20 മണിക്കൂര്‍ കൗണ്‍ഡൗണ്‍ ഞായറാഴ്ച രാവിലെ 6.51-ന് ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റാണ് ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.
53 ദിവസത്തെ യാത്രക്ക് ശേഷമേ ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തുകയുള്ളു. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രയാന്‍-2 ചന്ദ്രനില്‍ എത്തുക. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുവാനുള്ള ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍-2 ഇറങ്ങാന്‍ പോകുന്നത്. ചന്ദ്രയാന്‍ ഒന്നില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ അടിച്ചിറങ്ങുന്ന രീതിയായിരുന്നു. എന്നാല്‍ ഈ തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനാണ് ശ്രമിക്കുന്നത്. ഇതില്‍ നേരത്തെ വിജയിച്ചിട്ടുള്ള രാജ്യങ്ങള്‍ അമേരിക്കയും റഷ്യയും ചൈനയുമാണ്.
ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ചാന്ദ്രദൗത്യങ്ങളില് ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യമാണ് ഇന്ത്യയുടേത്. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചിലവ്. 603 കോടി ചന്ദ്രയാന്‍ രണ്ടിന്റേയും 375 കോടി ജിഎസ്എല്‍വി വിക്ഷേപണ വാഹനത്തിന്റേയും ചിലവാണ്.