സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം. സുരക്ഷാ വിഴ്ച പ്രതിരോധിക്കാനും സര്‍ക്കാറിന്റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പ് വരുത്താനുമാണ് നടപടി. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളില്‍ രഹസ്യസ്വഭാവമുള്ള ജോലികള്‍ ചെയ്യാന്‍ പാടില്ലെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച 24 പേജുള്ള കുറിപ്പ് പുറത്തുവിട്ടു.

ഉദ്യോഗസ്ഥര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ആരുംതന്നെ ഔദ്യോഗിക വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ പാടില്ല. രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ വിദേശത്തുനിന്നും സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ ദിവസേന 30 പ്രാവശ്യമെങ്കിലും നടക്കുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

ഗൂഗിള്‍ഡ്രൈവ് പോലുള്ള സ്വകാര്യ സേവനങ്ങളില്‍ സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ സൂക്ഷിക്കരുത്. വിവരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നിയമനടപടിക്കു വിധേയരാകേണ്ടി വരും പെന്‍ഡ്രൈവ്, സി.ഡി. പോലുള്ള സംഭരണ ഉപകരണങ്ങളിലേക്ക് രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പകര്‍ത്തുമ്പോള്‍ അവ കോഡുഭാഷയിലേക്കു മാറ്റണം. സ്ഥാപനം അനുവദിച്ചിട്ടുള്ള സംഭരണ ഉപകരണങ്ങളില്‍ മാത്രമേ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാവൂ. അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങള്‍ ഓഫീസിനു പുറത്തേക്കു കൊണ്ടുപോകരുത്. രഹസ്യവിവരങ്ങള്‍ ഇ-മെയിലായി അയയ്ക്കരുത്. ഔദ്യോഗിക ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് പൊതു വൈ-ഫൈ വഴി ഉപയോഗിക്കരുത് എന്നിവയാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍.