ന്യൂഡല്‍ഹി: കര്‍ണാടക പ്രതിന്ധിയില്‍ ഇന്ന് സുപ്രീംകോടതി വിധി. പതിനഞ്ച് കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍ നല്‍കിയ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനീയ ബെഞ്ച് വിധി പറയുന്നത്.
ആദ്യം തന്നെ സ്പീക്കര്‍ രാജിക്കത്തിന്മേല്‍ തീരുമാനമെടുക്കണമെന്ന് വിമത എം.എല്‍.എ.മാര്‍ക്കു വേണ്ടി വാദിക്കുന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗി ഉന്നയിച്ചു. എന്നാല്‍, എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള പരാതിയിലാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്നു സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനു വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്വിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും വാദിച്ചു.
രാജിയും അയോഗ്യതയും ഒന്നിച്ചു പരിശോധിച്ചുവരികയാണെന്നാണു സ്പീക്കര്‍ എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതെന്നു ചീഫ് ജസ്റ്റിസിനോട് പറഞ്ഞു. സ്പീക്കറുടെ തീരുമാനത്തില്‍ സുപ്രീംകോടതിക്ക് ഇടപെടാനാവില്ലെന്ന് സിംഘ്വി വാദിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ കോടതി അപ്രകാരം തീരുമാനമെടുത്തപ്പോള്‍ സിംഘ്വി എതിര്‍ത്തില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം സ്പീക്കറോട് 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പു നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അതു സര്‍ക്കാര്‍ രൂപവത്കരണ വിഷയമായിരുന്നുവെന്നും ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കിയതു തെറ്റാണെന്നു തോന്നിയതു കൊണ്ടാണ് സുപ്രീംകോടതി ഇടപെട്ടതെന്നും സിംഘ്വി മറുപടി പറഞ്ഞു.