കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ട്: ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പ

ബെംഗലൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ്. യഡിയൂരപ്പ ഇന്ന് വിശ്വാസവോട്ട് നേടും. നൂറു ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പായി യഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെ ആദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

17 വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതോടെ 224 അംഗ നിയമസഭയുടെ അംഗബലം ഇപ്പോള്‍ 207 ആയി ചുരുങ്ങി. വിശ്വാസം തെളിയിക്കാന്‍ ബിജെപിക്ക് വേണ്ടത് 104 എംഎല്‍എമാരുടെ പിന്തുണയാണ്. ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ 106 പേരാണ് ഇപ്പോള്‍ ബിജെപിയെ പിന്തുണക്കാനുള്ളത്. നോമിനേറ്റ് അംഗം ഉള്‍പ്പടെ കോണ്‍ഗ്രസ്-ദള്‍ പക്ഷത്തുള്ളത് 99 പേരാണ്.