എറണാകുളം: സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത വരുന്ന മോഹനൻ വെെദ്യൻ ഉൾപ്പെട്ട ജനകീയ കോടതിയുടെ തുടർന്നുള്ള എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് വിലക്കി കൊണ്ട് എറണാകുളം മുൻസിഫ് കോടതി ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചു. ചാനൽ പരിപാടിക്കിടെ സ്വബോധം നശിപ്പിച്ച് തെറ്റായ വിവരങ്ങൾ ചോർത്തിയതായി ആരോപിച്ച് ഓച്ചിറ സ്വദേശി ആയ മോഹൻ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായരാണ് പ്രമുഖ ചാനലായ 24 ന്യൂസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഈ കഴിഞ്ഞ നാലിനാണ് ചാനൽ മോഹനൻ വൈദ്യരുൾപ്പെടുന്ന
എപ്പിസോഡിൻ്റെ ആദ്യ ഭാഗം സംപ്രേക്ഷണം നടത്തിയത്. മോഹനൻ വൈദ്യരെ വിവിധ വിഭാഗത്തിലെ വിദഗ്ദ്ധർ ചോദ്യം ഉന്നയിക്കുന്ന പരിപാടിക്കിടെ ചാനൽ പ്രവർത്തകർ കുടിവെളളം എന്ന പേരിൽ എന്തൊ നൽകിയെന്നും അതോടെ സ്വബോധം നശിച്ച് മത്ത് പിടിച്ചതു പോലെ അനുഭവപ്പെട്ടെന്നും അതുകൊണ്ടു പരിപാടിയിലെ അഭിപ്രായങ്ങളെ കാര്യമാക്കേണ്ടതില്ല എന്നും മോഹനൻ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യ എപ്പിസോഡിൻ്റെ സംപ്രേഷണത്തിനു മുമ്പ് തന്നെ അത് ഒഴിവാക്കാണമെന്നും അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയിലേക്ക് നീങ്ങും എന്ന മോഹനൻ വൈദ്യരുടെ അഭിഭാഷകൻ്റെ ശബ്ദ രേഖ, ചാനലും പുറത്തു വിട്ടിരുന്നു. എന്നാൽ ഈ കഴിഞ്ഞ ആഗസ്റ്റ് നാലിന് ആദ്യ ഭാഗം ചാനൽ സംപ്രേക്ഷണം ചെയ്തു.
തന്നെ അഭിമുഖത്തിന് എന്നു ധരിപ്പിച്ച് വിളിച്ചു വരുത്തി തേജോവധം ചെയ്തുവെന്നാണ് ഫ്ലവേഴ്സ് ചാനലിനും, പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് , അവതാരകൻ അരുൺകുമാർ, എന്നിവർക്കും എതിരായി എറണാകുളം മുൻസിഫ് കോടതിയിൽ വൈദ്യർ നൽകിയ പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്നുണ്ടായ ഇടക്കാല ഉത്തരവിലാണ് പരിപാടിയുടെ സംപ്രേക്ഷണം താൽക്കാലികമായി നിർത്തി വെക്കാൻ കോടതി ഉത്തരവിട്ടത്.