നിലമ്പൂര്‍: പേമാരിയില്‍ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യമെത്തി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയില്‍ എത്തിയത്. ദുരന്ത നിവാരണ സേനയും സന്നദ്ധ പ്രവര്‍ത്തകരും കവളപ്പാറയില്‍ തിരച്ചിലിന് സൈന്യത്തോടൊപ്പമുണ്ട്.
63 പേര് മണ്ണിനടിയില്‍പെട്ട് പോയിട്ടുള്ളതായാണ് അധികൃതരുടെ കണക്ക്. 43 വീടുകളാണ് മണ്ണിനടിയില്‍ പെട്ടത്. വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാത്ത രീതിയില്‍ 50 അടിയോളം ഉയരത്തിലാണ് മണ്ണ് നിറഞ്ഞ് കിടക്കുന്നത്. വലിയ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങും. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പകൃതി ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്.