ബെഗളൂരു : ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ടു. പുലര്‍ച്ചെ 3.30 നാണ് ഇതിനായുള്ള നിര്‍ണായക ഭ്രമണപഥമുയര്‍ത്തല്‍ നടന്നത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായിരുന്നെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയ ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ട്രാന്‍സ് ലൂണാര്‍ ഇന്ജക്ഷന് എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍-2 ഇറങ്ങുക.
സോഫ്റ്റ് ലാന്റിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍ നിന്നു റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. 3840 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ 2 മായി ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ജൂലായ് 22 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്.