മോഹനന്‍ വൈദ്യരുടെ വ്യാജ ക്യാന്‍സര്‍ ചികിത്സ തട്ടിപ്പില്‍ രോഗം മൂര്‍ച്ഛിച്ചതായി പരാതി

തിരുവന്തപുരം: അന്നനാളത്തിലെ അര്‍ബുദരോഗവുമായി മോഹനന്‍ വൈദ്യരെ സമീപിച്ച പെരുന്തല്‍മണ്ണ സ്വദേശി ഹംസയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതായി പ്രവാസിയായ മകന്‍ ഷൗക്കത്ത് അലി ഫാക്ട് ഇന്‍ക്വെസ്റ്റിനോട് വെളിപ്പെടുത്തി.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ഹംസയുടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആര്‍സിസിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടുകയായിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമ പ്രചാരണങ്ങളില്‍പ്പെട്ട് മറ്റ് ചികിത്സകളൊന്നും തേടാതെ, മോഹനന്‍ വൈദ്യരുടെ ഓച്ചിറയിലുള്ള ചികിത്സാ കേന്ദ്രത്തില്‍ എത്തുകയായിരുന്നു ഹംസ. ലാബ് റിപ്പോര്‍ട്ടും മറ്റും പൂര്‍ണമായും നിരാകരിച്ച മോഹനന്‍ വൈദ്യര്‍ തന്റെ ക്ലാസുകളിലൂടെ ആധുനിക വൈദ്യത്തിനോട് ഭീതി ജനിപ്പിക്കുകയായിരുന്നു.

അന്നനാളത്തില്‍ അര്‍ബുദം ബാധിച്ച രോഗിക്ക് ചില നാട്ടുമരുന്നുകളും മസാജുകളും നിര്‍ദ്ദേശിക്കുകയാണ് മോഹനന്‍ വൈദ്യര്‍ ചെയ്തത്. അവസാനം വെള്ളം പോലും കുടിക്കാന്‍ ആവാത്ത രീതിയില്‍ രോഗം മൂര്‍ച്ഛിച്ചു. ഇത്തരത്തില്‍ ക്യാന്‍സര്‍ പോലുള്ള രോഗാവസ്ഥകളെ ചൂഷണം ചെയ്യുന്നതായാണ് മകന്‍ ഷൗക്കത്ത് അലി പറയുന്നത്. നാട്ടുമരുന്നുകള്‍ എന്ന പേരില്‍ വലിയ വില ഈടാക്കുന്നതായും പരാതിയുണ്ട്. ഓരോ തവണയും പല കാര്യങ്ങള്‍ പറഞ്ഞ് 10000 രൂപ വരെ മേടിക്കുമ്പോള്‍ പോലും രോഗിയോട് നേരാവണ്ണം സംസാരിക്കാന്‍ വൈദ്യര്‍ തയ്യാറാകുന്നില്ല. ഒരു ദിവസം 400 ഓളം രോഗികള്‍ മോഹനൻ വെെദ്യരെ സന്ദർശിക്കാറുണ്ട്. പിതാവിന്റെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സമാനമായി വഞ്ചിക്കപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ഒട്ടേറെ പേര്‍ തട്ടിപ്പിന് ഇരയായതായും പലരും മരണത്തിന് കീഴ്‌പ്പെട്ടതായും ഷൗക്കത്ത് അലി പറഞ്ഞു.

ചികിത്സക്ക് മുമ്പ് സമ്മതപത്രം എഴുതി വാങ്ങുന്നതിനാല്‍ നിയമപരമായി പരാതി ഉന്നയിക്കാന്‍ പലര്‍ക്കും താല്‍പര്യമില്ല. എന്നാല്‍ ഇനിയൊരാളും ഈ രീതിയില്‍ പറ്റിക്കപ്പെടരുതെന്നും ഷൗക്കത്ത് അലി പറയുന്നു.