മോഹന വൈദ്യം; കൂടുതല്‍ ചികിത്സാ തട്ടിപ്പുകള്‍ പുറത്തേക്ക്

മോഹനന്‍ വൈദ്യരുടെ തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശി ഹംസയുടെ വാര്‍ത്ത ഫാക്ട് ഇന്‍ക്വസ്റ്റിലൂടെ അറിഞ്ഞ് കൂടുതല്‍ പേര്‍ മോഹനന്‍ വൈദ്യര്‍ക്കെതിരായി രംഗത്ത്. വൃക്ക രോഗവുമായി സമീപിച്ച രോഗിയെ വ്യാജ ചികിത്സ നല്‍കി പണം തട്ടിയതായാണ് പരാതി. മുപ്പതു ദിവസത്തെ ചികിത്സക്ക് ഏതാണ്ട് 20,000 രൂപയോളം തട്ടിച്ചതായി കൊച്ചി സ്വദേശി ഹാഷിം ഫാക്ട് ഇന്‍ക്വസ്റ്റിനോട് വെളിപ്പെടുത്തി.

പ്രമേഹവും കാലിലെ നീരുമായി സ്വകാര്യ ആശുപത്രിയില്‍ എത്തിയ അബ്ദുള്‍ ജലീലിന് ഡോക്ടര്‍മാര്‍ ഡയാലിസിസ് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യേണ്ടി വരുമെന്ന ധാരണയില്‍ രോഗി മോഹനന്‍ വൈദ്യരിലേക്ക് എത്തിപ്പെടുകയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും മോഹനന്‍ വൈദ്യനെക്കുറിച്ച് അറിഞ്ഞ ഹാഷിം തന്നെയാണ് ജ്യേഷ്ഠ സഹോദരന്‍ കൂടിയായ അബ്ദുള്‍ ജലീലിനെ ഓച്ചിറയിലുള്ള വൈദ്യരുടെ തട്ടിപ്പു കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്.

തട്ടിപ്പു കേന്ദ്രത്തിലെ തിരക്കും ആധുനിക സെക്യൂരിറ്റി സംവിധാനങ്ങളും കണ്ട് കെണിയില്‍ വീഴുകയായിരുന്നു. രോഗിയെ പരിശോധിച്ച ശേഷം വൈദ്യര്‍ എല്ലാം അവസാനിച്ചെന്ന മട്ടില്‍ ഭീതി ജനിപ്പിച്ചെന്നും സഹായിക്കാന്‍ പോയ ഹാഷിം പറയുന്നു. അസുഖം ബാധിച്ചത് കരളിനാണെന്നും അവസാന ഘട്ടമാണെന്നും ഉള്ള മട്ടില്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ നിര്‍ബന്ധിത ക്ലാസ്സില്‍ പങ്കെടുക്കവെ കുറേ കാര്യങ്ങള്‍ തെറ്റായി തോന്നിയെങ്കിലും രോഗാവസ്ഥ മറി കടക്കാനുള്ള ആഗ്രഹം കൊണ്ട് തട്ടിപ്പില്‍ ചെന്നു വീഴുകയായിരുന്നു.

വലിയ സാമ്പത്തിക ചിലവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയില്‍ ചെല്ലുന്ന രോഗികളെ മരുന്നെന്ന പേരില്‍ പല പച്ചിലകളും മറ്റും അരച്ചു നല്‍കി 7000 മുതല്‍ 10,000 രൂപ വരെ തട്ടിക്കാറുണ്ടെന്നും ഹാഷിം പറയുന്നു.

പൂര്‍ണമായും മോഹനന്‍ വൈദ്യരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവില്‍ കഴിച്ചു കൊണ്ടിരുന്ന മരുന്നുകള്‍ പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ യാതൊരു വ്യത്യാസവും രോഗിയില്‍ കാണാത്തതിനാല്‍ വീണ്ടും വൈദ്യരെ സമീപിച്ചപ്പോള്‍ ആല്‍ബുമിന്‍ ശരീരത്തിലേക്ക് കയറ്റുന്നതിന് ആശുപത്രിയിലേക്ക് കൊണ്ടു പോവാനാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ മനസ്സിലാക്കിയത്.

എല്ലാ ഇടങ്ങളില്‍ നിന്നും മടക്കി അയക്കുന്നവരാണ് തന്റെ പക്കല്‍ വരുന്നതെന്ന് വാദിക്കുന്ന മോഹനന്‍ വൈദ്യര്‍ എന്തിനാണ് ആല്‍ബുമിന്‍ കയറ്റുന്ന ആധുനിക വൈദ്യത്തിലേക്ക് രോഗിയെ മടക്കി അയച്ചത് എന്ന് ഹാഷിം ചോദിക്കുന്നു. നിരവധി പേര്‍ ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നുണ്ടെന്നും അതുവഴി പലരുടേയും ജീവന്‍ പോലും നഷ്ടപ്പെടുന്നുണ്ടെന്നും ഹാഷിം ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വന്നെങ്കിലും രോഗാവസ്ഥ കാരണം നിയമ നടപടികളിലേക്ക് നീങ്ങാന്‍ തല്‍ക്കാലം പരിമിതികള്‍ ഉണ്ടെന്നും ഹാഷിം ഫാക്ട് ഇന്‍ക്വസ്റ്റിനോട് പറയുന്നു.

തന്റെ ബന്ധു കൂടിയായ രോഗിയുടെ ചികിത്സക്കു വേണ്ടി ഏറെ പ്രയത്‌നിച്ചെങ്കിലും ഇത്തരത്തില്‍ തട്ടിപ്പില്‍ പെട്ടു പോയതില്‍ ഹാഷിമിന് കുറ്റബോധമുണ്ട്. നിലവില്‍ ഡയാലിസിസ് ചികിത്സയുടെ വൈഷമ്യത്തേക്കാള്‍ പറ്റിക്കപ്പെട്ടു എന്ന തിരിച്ചറിവില്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് രോഗി.

സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തില്‍ പെട്ട് ഇത്തരം ചതിക്കുഴികളില്‍ വീണു പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഇതിനെതിരെ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഹാഷിം ഫാക്ട് ഇന്‍ക്വസ്റ്റിനോട് പറഞ്ഞു