നാട്ടുവൈദ്യന് മോഹനന് വൈദ്യരുടെ ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസ്സുകാരി മരണപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ ചികിത്സയ്ക്കായി മോഹനന് വൈദ്യരെ നിര്‍ദേശിച്ചത് നന്മമരം ഫിറോസ് കുന്നംപറമ്പില്‍. കുട്ടിയുടെ പിതാവാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് റെസിഡന്റായ ഡോ. വിപിന്‍ കളത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വൈദ്യരുടെ ചികിത്സയില്‍ കുട്ടി മരണപ്പെട്ടകാര്യം പുറം ലോകം അറിഞ്ഞത്. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക സംബന്ധമായ രോഗത്തിന് ചികിത്സയിലുണ്ടായിരുന്ന കുട്ടിയെ മോഹനന് വൈദ്യരുടെ കൊല്ലത്തെ ചികിത്സ കേന്ദ്രത്തില്‍ എത്തിച്ചതിനെ തുടര്‍ന്ന് വൈദ്യരുടെ നിര്‍ദേശ പ്രകാരം മോഡേണ്‍ മെഡിസിന് പൂര്‍ണ്ണമായി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ നില ഒരാഴ്ച്ച കൊണ്ട് അതീവ ഗുരുതരമാവുകയും തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിയ കുട്ടി പിന്നീട് മരണത്തിന് കീഴ്പ്പെടുകയുമായിരുന്നു.
ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും ഒരു പരിധി വരെ മുന്പോട്ട് ജീവിക്കുമായിരുന്ന കുട്ടി ഇത്ര പെട്ടന്ന് മരണത്തിലേക്ക് തളളിവിട്ടത് വെറും പത്താം തരം വിദ്യഭ്യാസം മാത്രമുള്ള വ്യാജ ചികിത്സകനായ മോഹനന് വൈദ്യരുടെ ചികിത്സ കൊണ്ട് മാത്രമാണെന്ന് ഡോ. വിപിന്‍ കളത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.