മോഹനന്‍ വൈദ്യര്‍ക്ക് വേണ്ടി ബിനാമി ചികിത്സ; ആയുര്‍വേദ ഡോക്ടര്‍ന്മാര്‍ മാപ്പുപറഞ്ഞു

പാരിപ്പള്ളി ആയുര്‍വേദ വൈദ്യശാലയില്‍ മോഹനന്‍ വൈദ്യര്‍ക്ക് വേണ്ടി ബിനാമി ചികിത്സ നടത്തിയ രണ്ട് ആയുര്‍വേദ ഡോക്ടര്‍ന്മാര്‍ മെഡിക്കല്‍ കൗണ്‍സിലിന് മുമ്പില്‍ മാപ്പ് പറഞ്ഞു. കൗണ്‍സില്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ന്മാര്‍ മാപ്പ് പറഞ്ഞത്. യോഗ്യതയില്ലാതെ ചികിത്സിക്കുന്ന ആളുകളുടെ കീഴില്‍ ഡോക്ടര്‍ന്മാര്‍ സേവനം അനുഷ്ഠിക്കുന്നത് തെറ്റാണെന്ന് ചൂണ്ടി കാണിച്ച് മെഡിക്കല്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞ് ജോലിയില്‍ നിന്ന് സ്വയം രാജി വയ്ക്കാന്‍ തയ്യാറായ ഡോക്ടര്‍ന്മാരെ കൗണ്‍സില്‍ പിന്നീട് താക്കിത് നല്‍കി വിടുകയായിരുന്നു.

ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് സംഭവം. പാരിപ്പള്ളിയില്‍ മോഹനന്‍ വൈദ്യര്‍ നടത്തുന്ന ആയുര്‍വേദ വൈദ്യശാലയിലാണ് രണ്ട് ആയുര്‍വേദ ഡോക്ടര്‍ന്മാര്‍ ജോലി ചെയ്തിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മോഹനന്‍ വൈദ്യരുടെ ചികിത്സ രീതികള്‍ യാതൊരുവിധ ആധികാരികതയും ഇല്ലാതെയാണെന്ന് കണ്ടെത്തിയിരുന്നു. നിയമത്തിന്റെ കണ്ണില്‍ നിന്ന് രക്ഷപെടാനാണ് മോഹനന്‍ വൈദ്യര്‍ ഇത്തരം ബിനാമി ഡോക്ടര്‍ന്മാരെ ജോലിയില്‍ വയ്ക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍ന്മാരാണ് ചികിത്സിക്കുന്നതും മരുന്ന് നല്‍കുന്നതെന്നും നിയമപരമായി തെളിയിക്കാന്‍ ബിനാമി സംവിധാനത്തിലൂടെ സാധിക്കും. അതിനുവേണ്ടിയാണ് വലിയ തുക മുടക്കി മോഹനന്‍ വൈദ്യര്‍ ആളുകളെ ജോലിക്ക് വച്ചിരിക്കുന്നത്. ഈ കാരണത്താല്‍ ഇരകള്‍ക്ക് നിയമപരമായി മോഹനന്‍ വൈദ്യര്‍ക്കെതിരെ പലപ്പോഴും നീങ്ങാന്‍ കഴിയാറില്ല. ആയുര്‍വേദ ഡോക്ടര്‍ന്മാരും സംഘടനകളും ബിനാമി സംവിധാനത്തിനെതിരെ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്.