പ്രോപിയോണിക്ക് അസിഡീമിയ ബാധിച്ച കുട്ടിക്ക് അശാസ്ത്രീയ ചികിത്സ നല്‍കി മരണത്തിലേക്ക് നയിച്ച വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കുട്ടിയെ അശാസ്ത്രീയ ചികിത്സയ്ക്ക് വിധേയരാക്കിയ മാതപിതാക്കള്‍ക്കെതിരെയും കേസ് ചുമത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇത്തരത്തില്‍ അശാസ്ത്രീയ ചികിത്സ നടത്തുന്ന വൈദ്യന്മാര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ അശാസ്ത്രീയ ചികിത്സ നല്‍കി ഒന്നര വയസ്സുകാരി മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ നായര്‍ക്കെതിരെയും കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും നിരവധി പേരാണ് രംഗത്ത് വരുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആലപ്പുഴ ഡിസി ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കൂടാതെ ആരോഗ്യമന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജില്‍ നിരവധി പേരാണ് മോഹനന്‍ നായര്‍ക്കെതിരെ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. കേസില്‍ സുപ്രീംകോടതി അഭിഭാഷകനായ അഡ്വക്കറ്റ് ശ്രീജിത് പെരുമന കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.