മോഹനന്‍ വൈദ്യരുടെ വ്യാജ ചികിത്സയ്ക്ക് ഒരു രക്തസാക്ഷി കൂടി

ഒരാള്‍ കൂടി മരണപ്പെട്ടു.
മോഹനന്‍ വൈദ്യരുടെ വ്യാജ ചികിത്സയ്ക്ക് ഒരു രക്തസാക്ഷി കൂടി

വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ ചികിത്സയില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. കണ്ണൂര്‍ വടക്കുമ്പാട് ഗുംട്ടിക്ക് സമീപം നെട്ടൂര്‍ അഹമ്മദ് സാഹിബിന്റെ മകനായ ബി.സി റിവിന്‍ ജാസ് (28 ) ആണ് മരണപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പ് കഴുത്തിന് ചെറിയ തടിപ്പ് തോന്നിയതിനെ തുടര്‍ന്ന് തലശ്ശേരിയിലെ ഒരു സര്‍ജന്റെ അടുത്ത് പരിശോധന നടത്തിയപ്പോഴാണ് റിവിന് നാസോഫറിംഗല്‍ എന്ന കാന്‍സര്‍ പിടിപെട്ടതായി കണ്ടെത്തിയത്. അവിടെനിന്ന് നിംസിലെ ഒങ്കോളജിസ്റ്റ് ഡോ. നാരായണന്‍കുട്ടിയുടെ അടുത്തേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടക്കത്തിലെ തന്നെ രോഗ വിവരം കണ്ടെത്തിയതുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്നതായിരുന്നു.

ചികിത്സയ്ക്ക് പോകാന്‍ ഇരിക്കെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മോഹനന്‍ വൈദ്യരുടെ വ്യജ പ്രചാരണങ്ങള്‍ കാണാനിടയായത്. സൈഡ് ഇഫക്റ്റ്
ഇല്ലാത്ത ആയുര്‍വേദ ചികിത്സാ രീതികളാണെന്ന തെറ്റിധരിപ്പിക്കലില്‍ റിവിന്‍ കിടുങ്ങുകയായിരുന്നു. മുമ്പ് നടത്തിയ പരിശോധന റിപ്പോറര്‍ട്ടുകളുമായാണ് യുവാവ് വൈദ്യരുടെ അടുത്ത് എത്തിയതെങ്കിലും അതെല്ലാം തെറ്റാണെന്നായിരുന്നു അയാളുടെ വാദം. കാന്‍സര്‍ അല്ല മുഴയാണ് രോഗമെന്നും പച്ച മരുന്നുകളിലൂടെയും കഷായങ്ങളിലൂടെയും പെട്ടെന്ന് മാറ്റാമെന്നും തെറ്റിധരിപ്പിച്ചു. ആറ് മാസത്തോളം ചികിത്സ നടത്തിയെങ്കിലും രോഗ ലക്ഷണങ്ങള്‍ കൂടിയതല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല. വലിയെരു തുക തന്നെയാണ് മരുന്നുകള്‍ക്ക് ചിലവായത്.

പിന്നീട് മോഹനന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരം കണ്ണൂരിലെ ഒരു കളരി ചികിത്സാലയത്തില്‍ കൊണ്ടുപോയി തടവിക്കുകയും ചെയ്തിരുന്നു. ആറ് മാസത്തെ ചികിത്സയില്‍ നിന്ന് തന്നെ ഇയാള്‍ ആയുര്‍വേദത്തിനെപ്പറ്റി ഒരു അറിവും ഇല്ലാത്ത ആളാണെന്ന കാര്യം മനസിലാകുകയായിരുന്നു. ചികിത്സകളൊന്നും ഫലിക്കാതെ വന്നതിനെ തുടര്‍ന്ന് ആധുനിക ചികിത്സയ്ക്ക് വിധേയനായി. എന്നാല്‍ അപ്പോഴക്കും കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടര്‍ന്നിരുന്നു. പിന്നീട് തലശ്ശേരിയിലെ മിഷ്യന്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും ഇന്നലെ അവിടെ വച്ച് റിവിന്‍ ജാസ് നിര്യാതനാകുകയുമായിരുന്നു.