പൊടി ഉപ്പിൽ വിഷമോ ?

salt and poison

പാചകത്തിന് കല്ലുപ്പ് മാത്രമേ ഉപയോഗിക്കാവൂ; പൊടി ഉപ്പിൽ വിഷമാണ് എന്ന സന്ദേശത്തോടെ കൂടി നിരവധി വീഡിയോകൾ വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്. 

പൊടിയുപ്പിൽ വിഷമാണ്, ഈ പരീക്ഷണം കാണൂ എന്ന രീതിയിൽ നിങ്ങളും ഒരു വീഡിയോ ഒരു പക്ഷെ കണ്ടു കാണും. വീഡിയോ ഏതാണ്ട് ഇങ്ങനെയാണ്, ഒരു പാത്രത്തിൽ അൽപ്പം നാരങ്ങാ നീര് ഒഴിക്കുന്നു, അതിലേക്ക് അൽപ്പം കഞ്ഞിവെള്ളം ഒഴിക്കുന്നു. ഇളക്കിയതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ  പൊടിയുപ്പ് ഇടുന്നു. പൊടിയുപ്പിട്ട ഭാഗം നീല കളർ ആകുന്നു. നീലനിറം എന്നാൽ വിഷത്തിന്റെ പര്യായമാണ് എന്ന് വിശ്വസിച്ചു വെച്ചിരിക്കുന്ന നമ്മൾ ഈ രാസ മാറ്റത്തെ ഭീതിയോടെ നോക്കിക്കാണുന്നു. അതേസമയം, കല്ലുപ്പിട്ട ഭാഗം കളർ മാറാതെ ഇരിക്കുന്നു. 

നമ്മൾ ഉപയോഗിക്കുന്ന പൊടിയൂപ്പിൽ ഉയർന്നരീതിയിലുള്ള വിഷാംശം അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. നമ്മുക്ക് ഒരു പരീക്ഷണം നടത്തിനോക്കിയാലോ

Posted by MP. മലയാള പെരുമ on Friday, 30 August 2019

ശരിക്കും പൊടിയുപ്പ് വിഷം ആയതിനാലാണോ നീല കളർ ആയത് എന്ന ഒരു അന്വേഷണം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായോ? 

  ‘അയഡൈസ്ഡ്’ ആയ ഉപ്പിൽ വളരെ ചെറിയ അളവിൽ പൊട്ടസ്യം  അയഡൈഡ് ചേർത്തിട്ടുണ്ടാവും. പൊടിയുപ്പ് ‘അയഡൈസ്ഡ്’ അല്ലെങ്കിൽ അയഡിൻ ചേർത്ത പൊടിയുപ്പായത് കൊണ്ടാണ് നീല കളർ ആയത്. പൊടിയുപ്പിൻറെ പാക്കറ്റിൽ തന്നെ എഴുതിയിരിക്കുന്നത് അയഡൈസ്ഡ് സാൾട്ട് എന്നാണ്. അതായത് പൊടിയുപ്പിൽ അയഡിൻറെ അംശം കലർന്നിരിക്കുന്നു. ഈ അയഡിൻ അംശം ചേർക്കുന്നത് സാധാരണ പൊട്ടാസ്യം അയഡൈഡ് അല്പം ചേർത്തുകൊണ്ടാണ്. സ്കൂളുകളിലെ കെമിസ്ട്രി ക്ലാസുകളിൽ നാം പഠിച്ചിട്ടുള്ളത് പോലെ തന്നെ, സ്റ്റാർച്ച് അടങ്ങിയ കഞ്ഞി വെള്ളം പോലെയുള്ള പദാർത്ഥങ്ങളുമായി അയഡിൻ പ്രതിപ്രവർത്തിക്കുമ്പോൾ ഒരു നീലനിറം ഉൽപാദിപ്പിക്കപ്പെടുന്നു. എന്നാൽ കല്ലുപ്പിൽ അയഡിൻ ചേർത്തിട്ടില്ലാത്തതിനാൽ ഈ നിറം മാറ്റം നമുക്ക് കാണാൻ കഴിയുകയുമില്ല. 

എന്തിനാണ് നമ്മൾ അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നത്?

സാധാരണ കല്ലുപ്പിൽ അയഡിൻ ഉണ്ടാവില്ല. അയഡിന്റെ കുറവ് തൈറോയിഡ് ഗ്രന്ധികളിൽ വീക്കം ഉണ്ടാക്കാം (ഗോയ്റ്റർ). ഇതു തടയുവാനാണ്  ആരോഗ്യ വിദഗ്ദ്ധർ 1950 മുതൽ ഇന്ത്യയിൽ ഉപ്പിൽ അയഡിൻ ചേർക്കാൻ നിർദ്ദേശം നൽകിയത്. 

ഇപ്പോൾ മനസ്സിലായില്ലേ വിഷം ഉള്ളതു കൊണ്ടല്ല, അയഡിൻ ഉള്ളതു കൊണ്ടാണ് പൊടിയുപ്പ്, കഞ്ഞിവെള്ളത്തിലെ  സ്റ്റാർച്ചുമായി പ്രവർത്തിച്ചു നീല കളർ ആയതെന്ന്. മാത്രവുമല്ല ഈ നിറംമാറ്റത്തിന് കാരണമാകുന്ന അയഡിൻ അടങ്ങിയ പൊടിയുപ്പ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനും അതുവഴി ഗോയിറ്റർ എന്ന രോഗം തടയാനും നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുകയാണ് ചെയ്യുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here