മുസ്ലീം, ദളിത് സമുദായങ്ങള്‍ക്ക് സ്വത്ത് വില്‍ക്കരുതെന്ന് അംഗങ്ങളോട് നിര്‍ദേശിച്ച് ഗുജറാത്തിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റി

നര്‍മദ ജില്ലയിലെ വാഡിയ ഗ്രാമത്തിലാണ് സംഭവം
മുസ്ലീം, ദളിത് സമുദായങ്ങള്‍ക്ക് സ്വത്ത് വില്‍ക്കരുതെന്ന് അംഗങ്ങളോട് നിര്‍ദേശിച്ച് ഗുജറാത്തിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റി

മുസ്ലീം, ദളിത് സമുദായങ്ങളിലുള്ളവര്‍ക്ക് സ്വത്ത് വില്‍ക്കരുതെന്ന് അംഗങ്ങളോട് നിര്‍ദ്ദേശിച്ച് ഗുജറാത്തിലെ  റെസിഡന്‍ഷ്യല്‍ സൊസൈറ്റി.  നര്‍മദ ജില്ലയിലെ വാഡിയ ഗ്രാമത്തിലാണ് സംഭവം.റെസിഡന്‍സിയുടെ നിര്‍ദേശമടങ്ങിയ ലഘുലേഖ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ദളിത് സമുദായത്തില്‍ നിന്നുള്ള പ്രതിനിധി കലക്ടറെ സന്ദര്‍ശിച്ച് ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തില്‍ ”കോളനിയില്‍ നിന്ന് മറുപടി തേടിയപ്പോള്‍, ഇത് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുന്നതിന് അംഗങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു പട്ടിക മാത്രമാണെന്നും അത്തരം ഒരു നിയമവും പാസാക്കുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ ഈ മറുപടി സ്വീകരിച്ചു, പക്ഷേ പ്രശ്നത്തെക്കുറിച്ച് ജാഗ്രത പാലിക്കുകയും വിവേചനം സംഭവിക്കുകയാണെങ്കില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്യുംമെന്ന്’ നര്‍മദ ജില്ലാ കലക്ടര്‍ ഐ കെ പട്ടേല്‍ പ്രതികരിച്ചു.

”സര്‍ക്കുലറിലെ പോയിന്റുകള്‍ സൊസൈറ്റി അതിന്റെ മീറ്റിംഗില്‍ പാസാക്കിയ തീരുമാനങ്ങളാണ്, അത് എല്ലാ അംഗങ്ങളെയും ബാധിക്കുന്നതുമാണ്. എന്നാല്‍ ഇത് സമൂഹത്തിന്റെ പ്രമേയമല്ല, അംഗങ്ങളുടെ ചിന്തകളെ ക്ഷണിക്കാനുള്ള ഒരു മീറ്റിംഗ് അജണ്ടയുടെ കരട് മാത്രമാണെന്ന് സൊസൈറ്റി പ്രസിഡന്റ് പിങ്കല്‍ പട്ടേല്‍ വിശദീകരിച്ചു.