അറബിക്കടലിലെ ഇരട്ട ന്യൂനമര്‍ദ്ദം അതിശക്തമായ നിസര്‍ഗ ചുഴലിക്കാറ്റായി മാറുന്നു: കേരളത്തിലും ശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു ചുഴലിക്കാറ്റായി മാറുന്നു. വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരം തൊടും എന്നാണ് പ്രവചനം. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തിയാര്‍ജിച്ചുതുടങ്ങി.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തെ ജൂണ്‍ എട്ടോടെ മാത്രമേ കാലാവര്‍ഷം കേരളത്തില്‍ എത്തൂം എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ അറബിക്കടലില്‍ രൂപം കൊണ്ട ഇരട്ടന്യൂനമര്‍ദ്ദവും കാറ്റിന്റെ ഗതി അനുകൂലമായതും കാലവര്‍ഷത്തെ നേരത്തെ കേരളതീരത്ത് എത്തിക്കുകയായിരുന്നു.

മെയ്മാസം പത്തിനുശേഷം മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നീ പതിനാലിടങ്ങളില്‍ അറുപതു ശതമാനത്തിനു മുകളില്‍ സ്ഥലങ്ങളില്‍ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ 2. 5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴപെയ്താല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതായി കണക്കാക്കാം.

Content Highlight: Double tidal pressure in the Arabian Sea turns into a powerful cyclone.