ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയുടെ വിജയം കോടതി അസാധുവാക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017-ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രൂപാണി മന്ത്രിസഭയിലെ മുതിര്‍ന്ന കാബിനറ്റ് അംഗമാണ് ഭൂപേന്ദ്രസിങ് ചുദാസാമ. 429 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ അനധികൃതമായി റദ്ദാക്കിയെന്നുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശ്വിന്‍ റാത്തോഡ് ഉന്നയിച്ച വാദം ശരിവെച്ച ഹൈക്കോടതി തിരഞ്ഞെടുപ്പുവിജയം അസാധുവാക്കുകയായിരുന്നു. 2017-ല്‍ അഹമ്മദാബാദിലെ ധോല്‍ക മണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്രസിങ് വിജയിച്ചിരുന്നത്. വെറും 327 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2018-ജനുവരി 17-നാണ് വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഹൈക്കോടതിയിലെത്തുന്നത്.

റിട്ടേണിംഗ് ഓഫീസറും ധോല്‍ക ഡെപ്യൂട്ടി കളക്ടറുമായ ധവല്‍ ജാനിയാണ് വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയതെന്നാണ് അശ്വിന്‍ റാത്തോഡ് കോടതിയെ ബോധിപ്പിച്ചത്. കേസ് വാദം കേള്‍ക്കുന്നതിനിടെ കോടതിക്ക് ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു.

Content Highlight: BJP setback in Gujarat The court overruled the minister’s victory