ന്യൂഡല്‍ഹി: രാജ്യത്തു സാമ്പത്തിക മാന്ദ്യമില്ലെന്നും ഹിന്ദു കലണ്ടര്‍ പ്രകാരം അഞ്ചും ആറും മാസങ്ങളില്‍ എല്ലാവര്‍ഷവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. രാജ്യത്ത് പൊതുവെ സാവന്‍, ഭാദോ മാസങ്ങളില്‍ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങള്‍) സാമ്പത്തിക പ്രതിസന്ധിയുണ്ടാകാറുണ്ട്. പക്ഷെ ഇക്കൊല്ലം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പരാജയത്തിലെ അമര്‍ഷം തീര്‍ക്കാനായി ഭീതി പടര്‍ത്തുകയാണെന്ന് സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്തു.
സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ഈ സാഹചര്യങ്ങള്‍ ബിഹാറിനെ ബാധിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങളാണു മാന്ദ്യത്തിനു കാരണമെന്നു മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും കുറ്റപ്പെടുത്തി.