പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. തിരഞ്ഞെടുപ്പില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയിലുള്ള നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലുള്ള പത്രികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചത്.
അതേസമയം ചിഹ്നം പ്രശ്നമല്ലെന്നും, യുഡിഎഫ് ഏത് ചിഹ്നത്തിലും മത്സരിക്കാന്‍ തയ്യാറാണെന്നും, തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാണെന്നും, ഈ സാഹചര്യത്തില്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.ജോസ് ടോമിന് ചിഹ്നം നിഷേധിച്ച സാഹചര്യത്തില്‍ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പി ജെ ജോസഫ് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ചിഹ്നത്തിനായി കടുത്ത വടംവലിയാണ് നടത്തിയത്. ജോസ് കെ. മാണി പക്ഷത്തെ ജോസ് ടോം ആണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്. എന്നാല്‍, ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് പി.ജെ. ജോസഫ് വിഭാഗം നിലപാടെടുത്തു.