സാമ്പത്തിക പ്രതിസന്ധി; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും

ഉച്ചക്ക് 2:30 നാണ് വാര്‍ത്താസമ്മേളനം.
സാമ്പത്തിക പ്രതിസന്ധി; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. കൂടുതല്‍ സാമ്പത്തിക ഉത്തേജന നടപടികള്‍ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി,റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉച്ചക്ക് 2:30 നാണ് വാര്‍ത്താസമ്മേളനം. സമ്മേളനത്തില്‍ ഇന്ന് പ്രഖ്യാപിപ്പിക്കാന്‍ പോകുന്ന നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. നടപടികളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംതൃപ്തരാണെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐഎംഎഫ് ) വിലയിരുത്തല്‍ പുറത്തുവന്നു. ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ദുര്‍ബലമായതാണ് ഇതിന് കാരണം. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കും. 2020 ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ അതിലേക്ക് എത്തുക പ്രയാസമായിരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തിയത്.