പിഎസ്എസി പരീക്ഷകള്‍ മലയാളത്തിലും; ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം

മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്സി ചെയര്‍മാന്‍
പിഎസ്എസി പരീക്ഷകള്‍ മലയാളത്തിലും; ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം

 

തിരുവനന്തപുരം: പിഎസ്എസി പരീക്ഷകള്‍ ഇനി മുതല്‍ മലയാളത്തിലും നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധാരണയായത്. പരീക്ഷകള്‍ മലയാളത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു.

ഇതിനായുള്ള പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നു എല്ലാ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാരുടെയും യോഗം വിളിക്കുമെന്നും ചര്‍ച്ചയ്ക്കു ശേഷം പുറത്തെത്തിയ പിഎസ്സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുകയായിരുന്നു.

കഴിഞ്ഞ മാസം 29 നാണ് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. സാംസ്‌ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്‌സിയുമായി ചര്‍ച്ച നടത്തിയത്.