പിഎസ്‍സി വിഷയത്തില്‍ ഇന്ന് മന്ത്രിതല ചര്‍ച്ച

psc appointment row discussion today

പിഎസ്‍സി വിഷയത്തില്‍ മന്ത്രിതല ചര്‍ച്ച ഇന്ന്. രാവിലെ 11 മണിക്കാണ് ചര്‍ച്ച. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എല്‍ജിഎസ് – സിപിഒ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിലാണ് ഇന്ന് മന്ത്രിതല ചര്‍ച്ച. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തും. വിഷയത്തിൽ ആദ്യമായാണ് മന്ത്രിതല ചർച്ചക്ക് തയയാറാകുന്നത്. നേരത്തെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിൽ ഉദ്യോഗാർഥികൾ മുന്നോട്ട് വെച്ച കാര്യങ്ങൾ മന്ത്രി പരിശോധിക്കും.

എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 34ആം ദിവസത്തിലേക്കും സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം 22ആം ദിവസത്തിലേക്കും കടന്നിരിക്കുകയാണ്. ചര്‍ച്ചയില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍. അതേസമയം റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണം എന്നാവശ്യപ്പെട്ട് ആള്‍ കേരളാ റിസര്‍വ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരവും തുടരുകയാണ്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളെയും പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.

Content Highlights; psc appointment row discussion today